‘ഇന്ത്യയെ തള്ളി’, അമേരിക്കക്ക്‌ പിന്നാലെ യുകെയും, ‘കാനഡയിൽ വിശ്വാസം, നിയമ നടപടികളുമായി ഇന്ത്യ സഹകരിക്കണം’

ലണ്ടന്‍: ഇന്ത്യ – കാനഡ തർക്കത്തിൽ അമേരിക്കക്ക്‌ പിന്നാലെ ഇന്ത്യൻ നിലപാട് തള്ളി ബ്രിട്ടന്നും രംഗത്ത്. കാനഡയുടെ നിയമനടപടികളുമായി ഇന്ത്യ സഹകരിക്കുകയാണ് ശരിയായ നടപടിയെന്ന് ബ്രിട്ടന്‍. കാനഡയുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും യു കെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്മെന്‍റ് ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.

യു കെ പ്രധാനമന്ത്രി കെയ് സ്റ്റാമറുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഫോണില്‍ സംസാരിച്ചതിനു പിറ്റേന്നാണ് യുകെയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. പുതിയ സംഭവ വികാസങ്ങള്‍ പ്രധാനമന്ത്രിമാരുടെ സംഭാഷണത്തില്‍ വിഷയമായതായി ഫോറിന്‍ ഓഫിസ് അറിയിച്ചു. രാജ്യത്തിന്‍റെ പരമാധികാരം പ്രധാനമാണ്. അതു കണക്കിലെടുത്ത് കാനഡയുടെ അന്വേഷണത്തോട് സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് പ്രസ്താവന പറയുന്നു.

സിഖ് വിഘടനവാദി നേതാവ് നിജ്ജാറിന്‍റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ – കാനഡ ബന്ധം വഷളായ സാഹചര്യത്തിലാണ് ബ്രിട്ടിഷ് ഫോറിന്‍ ഓഫിസിന്‍റെ പ്രസ്താവന. ബന്ധം വഷളായതോടെ ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കുകയും കാനഡയിലെ ഹൈകമ്മീണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

നേരത്തെ ഇന്ത്യ – കാനഡ നയതന്ത്ര പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യക്ക് എതിരെ നിലപാട് വ്യക്തമാക്കി അമേരിക്കയും ന്യൂസിലൻഡും രംഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സഹകരിക്കാൻ ഇന്ത്യ തയാറാകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ. മുമ്പും സമാന അഭിപ്രായം അമേരിക്ക രേഖപ്പെടുത്തിയിരുന്നു.

സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടായത്. കാനഡയിലെ ക്രിമിനല്‍ സംഘങ്ങളുമായി ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ ആരോപണവും ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. 2023 സെപ്തംബറില്‍ ജസ്റ്റിന്‍ ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഇതുവരെ ഒരു തെളിവും ഇന്ത്യക്ക് നല്‍കിയിട്ടില്ല. അന്വേഷണത്തിന്റെ മറവില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബോധപൂര്‍വമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ആണെന്നാണ് ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട്.

More Stories from this section

family-dental
witywide