‘ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കും’; ‘ഇന്ത്യ’ തത്കാലം പ്രതിപക്ഷത്തെന്ന് ഖാർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ജനഹിതം അട്ടിമറിക്കുന്നുണ്ടെങ്കിലും ഇന്ത്യാ സഖ്യം തത്കാലം പ്രതിപക്ഷത്ത് ഇരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സഖ്യകക്ഷികളുമായുള്ള യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഖാർഗെ. “ഇന്ത്യ സഖ്യം ഫാസിസ്റ്റ് ഭരണത്തെ ചെറുത്തുതോൽപ്പിക്കും… ബിജെപി ഭരിക്കരുത് എന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടികൾ ഞങ്ങൾ സ്വീകരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാര്‍ഗെയ്ക്കുപുറമേ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസില്‍നിന്ന് യോഗത്തില്‍ പങ്കെടുത്തു.

“ഭരണഘടന സംരക്ഷിക്കാനുള്ള ജനവിധിയാണ് ജനങ്ങൾ നൽകിയത്. ഇത് ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനും എതിരായ വിധിയെഴുത്താണ്. ബിജെപി ഭരണം തുടരരുത് എന്ന ജനങ്ങളുടെ ആ​ഗ്രഹം സാക്ഷാത്ക്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. കാത്തിരുന്ന് കാണാം എന്നായിരുന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിയുടെ പ്രതികരണം.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തെലുങ്കുദേശം പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനേയും മറുകണ്ടം ചാടിക്കാനുള്ള പ്രതിപക്ഷത്തിൻ്റെ ആദ്യ ചിന്തയെക്കുറിച്ചായിരുന്നു ഖാർഗെ പരാമർശിച്ചതെന്നു വേണം മനസിലാക്കാൻ.

ഇന്ത്യ മുന്നണിക്ക് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിഞ്ഞെന്നാണ് യോ​ഗത്തിലെ വിലയിരുത്തൽ. വിവിധ കക്ഷികൾ വലിയ ആഹ്ലാദമാണ് യോ​ഗത്തിൽ പ്രകടിപ്പിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍, കല്‍പന സോറന്‍, എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, അഭിഷേക് ബാനര്‍ജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമര്‍ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി. രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ജി. ദേവരാജന്‍, ജോസ് കെ. മാണി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

More Stories from this section

family-dental
witywide