ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ചരിത്രം കുറിച്ച സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. യാത്രയിൽ നേരിട്ട കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് ബോയിംഗിന്‍റെ സ്റ്റാർ ലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. യാത്രാ പേടകത്തിന്റെ ആർ സി എസ് ത്രസ്റ്ററുകളിലടക്കം അവസാന നിമിഷം കണ്ടെത്തിയ തകരാറുകൾ ആശങ്കയുണർത്തിയെങ്കിലും പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സ്റ്റാർലൈനർ യാത്ര വിജയകരമാക്കി. അമേരിക്കൻ സമയം ഉച്ചക്ക് 12:15 നാണ് സ്റ്റാർലൈനർ ബഹിരാകാശ നിലയവുമായി ഡോക്കിങ് പൂർത്തിയാക്കിയത്. ഏകദേശം 26 മണിക്കൂറിലേറെ യാത്ര ചെയ്താണ് സ്റ്റാർലൈനർ ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇനി 8 ദിവസം യാതികർ അവിടെ കഴിയും. ത്രസ്റ്ററുകളുടെ സാങ്കേതിക തകരാറും ഹീലിയം ചോർച്ചയും സ്റ്റാർലൈനറിന് ചെറിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ പരിചയ സമ്പന്നരായ യാത്രികരുടെ മികവിൽ 20 മിനിറ്റ് കൊണ്ട് മാനുവലി ഡോക്കിങ് പൂർത്തിയാക്കി.
ഇന്നലെ രാത്രി 8.22 നായിരുന്നു ചരിത്രപരമായ സ്റ്റാർ ലൈനർ വിക്ഷേപണം. ഇന്ത്യൻ വംശജയായ സുനിത വില്യംസും, അമേരിക്കൻ ബുച്ച് വിൽമോറുമാണ് സ്റ്റാർലൈനറിന്‍റെ ആദ്യ മനുഷ്യ ദൗത്യത്തിലെ യാത്രക്കാർ. സുനിത വില്യംസ് ആണ് പരീക്ഷണ ദൗത്യത്തില്‍ ബഹിരാകാശ പേടകം പറത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത എന്ന നേട്ടവും ഇതിലൂടെ സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു.