ഛണ്ഡീഗഡ്: മമതാ ബാനർജിയുടെ ഒറ്റയാൾ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, പഞ്ചാബിലും കോൺഗ്രസിന് തിരിച്ചടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസുമായി ആം ആദ്മി പാർട്ടി സഖ്യത്തിനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. എഎപി എല്ലാ സീറ്റുകളിലും വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം 13-0 എന്ന നിലയിലായിരിക്കും. പഞ്ചാബിലെ 13 മണ്ഡലങ്ങളിലും വിജയം കൊയ്യാൻ ആം ആദ്മി പാർട്ടി സജ്ജമാണ്. വൻ വിജയത്തോടെ ആം ആദ്മി പാർട്ടി രാജ്യത്തെ താരമായി മാറും,” മൻ പറഞ്ഞു.
ഛണ്ഡീഗഡിലെ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും എ.എ.പി ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യ സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസുമായി നടന്ന സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ, ഇൻഡ്യ സഖ്യത്തിൽ ചേരാനില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തെത്തിയിരുന്നു.