ബെയ്റൂത്ത്: ഹിസ്ബുള്ളക്ക് തുടർച്ചയായി കനത്ത തിരിച്ചടി നൽകി ഇസ്രയേൽ. ഹിസ്ബുള്ള തലവൻ നസ്റല്ലക്കും ഖാലിൽ യാസ്സിനും പിന്നാലെ വ്യോമാക്രമണത്തിൽ മുതിർന്ന കമാൻഡർ നബീൽ ക്വാക്കിനെയും കൊല്ലപ്പെടുത്തിയതായി ഇസ്രയേൽ അറിയിച്ചു. ബെയ്റൂത്ത് പ്രാന്തപ്രദേശങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടതിന് പിന്നാലെയാണ് മുതിർന്ന കമാൻഡറെയും വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരിക്കുന്നത്.
ഹിസ്ബുള്ളയുടെ പ്രിവന്റീവ് സെക്യൂരിറ്റി യൂണിറ്റ് കമാൻഡറും എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ നബീൽ ക്വാക്കിനെ വധിച്ചുവെന്ന് ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇസ്രയേലിനെതിരെയും ഇസ്രയേൽ പൗരന്മാർക്കെതിരെയും ഭീകരാക്രമണങ്ങൾ നടത്തുന്നതിൽ മുഖ്യപങ്കുവഹിച്ചയാളാണ് നബീൽ ക്വാക്ക്. 1980 കളിലാണ് ഇയാൾ ഹിസ്ബുള്ളയിൽ ചേർന്നതെന്നാണ് ഐഡിഎഫ് അറിയിച്ചത്.
ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ഡിവിഷൻ മുതിർന്ന കമാൻഡർ ഹസ്സൻ ഖാലിൽ യാസ്സിനും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഐഡിഎഫ് പറയുന്നു. സംഘടനയുടെ ആയുധശേഖരണവുമായി ബന്ധപ്പെട്ട് യാസ്സിന് ചുമതലകളുണ്ടായിരുന്നു. ഹിസ്ബുള്ളയുടെ റോക്കറ്റ്, മിസൈൽ, ഡ്രോൺ യൂണിറ്റുകളുമായി ബന്ധപ്പെട്ടും യാസിൻ പ്രവർത്തിച്ചിരുന്നു. ഹിസ്ബുള്ളയുടെ തലവനെ വകവരുത്തിയതായി ഐഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്റലിജൻസ് യൂണിറ്റ് മേധാവിയുടെ വധവും എക്സിക്യൂട്ടീവ് കൗൺസിലംഗത്തിന്റെ വധവും റിപ്പോർട്ട് ചെയ്യുന്നത്.