ബംഗളൂരു: കര്‍ണാടകയില്‍ മാണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ 108 അടി ഉയരമുള്ള കൊടിമരത്തില്‍ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയര്‍ത്തിയ സംഭവം വിവാദമായതിനു പിന്നാലെ മറ്റൊരു പച്ചക്കൊടിയും വിവാദം സൃഷ്ടിക്കുന്നു. മാണ്ഡ്യ ജില്ലയില്‍ ഹനുമാന്‍ പതാക നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്.
ബംഗളൂരുവിലെ ശിവാജിനഗര്‍ പ്രദേശത്താണ് പാക് പതാകയ്ക്ക് സമാനമായ’പച്ചക്കൊടി’ ആരോ ഉയര്‍ത്തിയത്. സംഭവത്തില്‍ ബിജെപി അടിയന്തര നടപടി ആവശ്യപ്പെട്ടു. ശിവാജിനഗറില്‍ പച്ചക്കൊടി ഉയര്‍ത്തിയതായി പറയപ്പെടുന്ന ഒരു എക്സ് പോസ്റ്റ് ചൊവ്വാഴ്ച എത്തിയിരുന്നു. ‘ഒരു പൊതുസ്ഥലത്ത് ശത്രുരാജ്യത്തിന്റെ നിറത്തിന് സമാനമായ പച്ചക്കൊടി പാറിക്കുന്നത് നമ്മുടെ ഫ്‌ലാഗ് കോഡിന് എതിരല്ലേ? ഉടന്‍ തന്നെ ഇത് നീക്കം ചെയ്ത് ഇവിടെ ദേശീയ പതാക ഉയര്‍ത്തുക. ശിവാജിനഗര്‍ ഇന്ത്യയിലാണ്, പാകിസ്ഥാനിലല്ല,’ എന്ന ക്യാപ്ഷനോടെ ബംഗളൂരു പോലീസ് കമ്മീഷണറെ പോസ്റ്റില്‍ ടാഗ് ചെയ്തിരുന്നു.