ട്രംപ് പുടിനെ വിളിച്ചതിലും ഗുണമില്ല, മണിക്കൂറുകൾക്കകം യുക്രെയ്നിൽ റഷ്യയുടെ കനത്ത ആക്രമണം: 5 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനുമായുള്ള യുദ്ധം റഷ്യ അവസാനിപ്പിക്കാനുള്ള നീക്കങ്ങളിലേക്ക് കടക്കണമെന്നം സംഘർഷം വർധിപ്പിക്കരുതെന്നുമുള്ള നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അഭ്യർത്ഥനയും തള്ളി പുടിൻ. ട്രംപ് പുടിനുമായി ഫോൺ സംഭാഷണം നടത്തി മണിക്കൂറുകൾ പിന്നിടും മുമ്പേ തെക്കൻ യുക്രെയ്നിൽ റഷ്യ കനത്ത ആക്രമണം നടത്തി. റഷ്യയുടെ വ്യോമാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും അഞ്ച് കുട്ടികൾ ഉൾപ്പെടെ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.നിരവധി കെട്ടിടങ്ങൾക്ക് തീപിടിച്ചതായും പ്രാദേശിക ഗവർണർ അറിയിച്ചു. കിയവിനടുത്ത മൈക്കോളൈവ് മേഖലയിൽ നാലുപേരും സപ്പോരിജിയ മേഖലയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. സപ്പോരിജിയയിൽ പരിക്കേറ്റവരിൽ നാലിനും 17 നും ഇടയിൽ പ്രായമുള്ള അഞ്ചു കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നേരത്തെ യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്നാണ് ട്രംപ് പുടിനോട് നിർദേശിച്ചത്. യു എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചിരുന്നു. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലാദിമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.