അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള അമേരിക്കയുടെ പരാമർശങ്ങളിൽ ഇന്ത്യ വീണ്ടും പ്രതിഷേധവും എതിർപ്പും അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഇന്നു നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത് എന്ന് ഒരിക്കൽ കൂടി യുഎസിനോട് ഇന്ത്യ ആവശ്യപ്പെട്ടത്. “ഇന്ത്യയിലുള്ളത് ശക്തവും സ്വതന്ത്രവുമായ ജനാധിപത്യ സ്ഥാപനങ്ങളാണ്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് – നിയമ പ്രക്രിയകളെ കുറിച്ച് പുറത്തുനിന്നുള്ളവർ ആക്ഷേപം ഉന്നയിക്കുന്നത് പൂർണ്ണമായും അസ്വീകാര്യമാണ്” വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ യുഎസിന്റെ ഒരു നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു വരുത്തി ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു. ഇതിനോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പ്രതികരിച്ചിരുന്നു. “ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഞങ്ങൾ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. അത് തുടരും.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തിൽ നികുതി വകുപ്പ് അവരുടെ ചില ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന കോൺഗ്രസ് പാർട്ടിയുടെ ആരോപണങ്ങളും ഞങ്ങൾക്കറിയാം. ഓരോ പ്രശ്നങ്ങൾക്കും ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ ബന്ധപ്പെട്ടവർക്ക് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു ” – മില്ലർ പറഞ്ഞു.
ഈ പരാമർശത്തിനുള്ള മറുപടിയാണ് ഇന്ത്യ ഇന്ന് നൽകിയിരിക്കുന്നത്.
“യുഎസിൻ്റെ സമീപകാല പരാമർശങ്ങൾ അനാവശ്യമാണ്. ഇന്ത്യയിൽ നിയമവാഴ്ചയുണ്ട് . ജനാധിപത്യത്തെ വിലമതിക്കുന്ന രാജ്യങ്ങൾക്ക് ഈ വസ്തുത മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകരുത്. പരസ്പര ബഹുമാനവും ധാരണയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിത്തറയാണ്, രാജ്യങ്ങൾ മറ്റുള്ളവരുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ വിദേശകാര്യ വക്താവ് പറഞ്ഞു.
Again India Reacts On US Remarks On Arvind Kejriwal