വിഎച്ച്‌പിയുടെ ജലാഭിഷേക യാത്രയെക്കുറിച്ച് എഫ്ബി പോസ്റ്റ്, അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്

ഡൽഹി: വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി ) സംഘടിപ്പിക്കുന്ന വാർഷിക ജലാഭിഷേക യാത്രയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ഹരിയാനയിലെ നുഹ് ജില്ലയിൽ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ആക്ഷേപകരമായ പോസ്റ്റാണെന്ന പരാതിയിൽ അഭിഭാഷകനായ താഹിർ ദേവ്‌ലയ്‌ക്കെതിരെയാണ് കേസെടുത്തത്. ദ ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിലെ സോഷ്യൽ മീഡിയ സെല്ലിലെ കോൺസ്റ്റബിൾ മനോജ് കുമാർ നൽകിയ പരാതിയിലാണ് ദേവ്‌ലയ്‌ക്കെതിരെ എഫ് ആ ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ജൂലൈ 22 ന് നടക്കാനിരിക്കുന്ന വി എച്ച് പിയുടെ ജലാഭിഷേക യാത്രക്കെതിരെയാണ് ദേവ്‌ല, ഫേസ്ബുക്കിൽ കുറിപ്പിട്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ചേർന്ന് നടത്തിയ ഹിന്ദുത്വ ജാഥയ്ക്കിടെ നുഹിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് ദേവ്ല ഫേസ്ബുക്ക് കുറിപ്പിട്ടത്.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ദേവ്‌ല കുറിപ്പിട്ടെന്ന് കാട്ടിയാണ് കേസ് എടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) 196, 299, 352, 300, 302 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യം തേടുമെന്ന് ദേവ്‌ലയുടെ അഭിഭാഷകൻ താഹിർ റുപാരിയ വ്യക്തമാക്കി.