സ്‌കൂളുകളിലെ വെടിവെപ്പ് തടയാന്‍ AI ക്യാമറ ? അമേരിക്ക പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലുടനീളം വ്യാപകമായി വെടിവയ്പ്പ് വര്‍ധിച്ചതിന് പിന്നാലെ സ്‌കൂളുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ AI സാങ്കേതിക വിദ്യയുടെ സഹായം തേടി വിദഗ്ദ്ധര്‍. അമേരിക്കയിലെ കന്‍സാസ് സംസ്ഥാനത്തിലെ നിയമനിര്‍മ്മാതാക്കള്‍ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ തോക്കുകള്‍ കണ്ടെത്തുന്നതിന് AI പവര്‍ ക്യാമറ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നു.

സൈനിക വെറ്ററന്‍സ് സ്ഥാപിച്ച സീറോ ഐസ് എന്ന സ്ഥാപനം വികസിപ്പിച്ച സാങ്കേതികവിദ്യ പ്രകാരം തോക്കിനെ കണ്ടെത്തുകയും അലേര്‍ട്ടുകള്‍ നല്‍കുകയും ചെയ്യുന്ന രീതിയിലാണ് എ.ഐ ക്യാമറാ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

2021, 2022, 2023 വര്‍ഷങ്ങളില്‍ സ്‌കൂളുകളില്‍ നടന്ന വെടിവയ്പ്പുകളുടെ വര്‍ദ്ധനവിന് ശേഷമാണ് എ.ഐ ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം എത്തുന്നത്. 2023 ല്‍ മാത്രം, വെടിവയ്പ്പുമായി ബന്ധപ്പെട്ട് കുറഞ്ഞത് 82 സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എഐ പിന്തുണയുള്ള ക്യാമറകള്‍ ഉപയോഗിച്ച് സ്‌കൂളുകളെ സജ്ജമാക്കുന്നതിന് 5 മില്യണ്‍ ഡോളര്‍ വരെ ഗ്രാന്റായി കന്‍സാസ് അധികൃതര്‍ വാഗ്ദാനം ചെയ്‌തേക്കും. നിര്‍ദേശത്തിന് ഗവര്‍ണര്‍ ലോറ കെല്ലിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് അറിവ്.