ആലപ്പുഴയുടെ കാര്യത്തിലെ എ.ഐ.സി.സി തീരുമാനം ഉടന്‍, കോണ്‍ഗ്രസ് പട്ടികയ്ക്ക് അന്തിമ തീരുമാനമായി

പൊട്ടലും ചീറ്റലുമൊക്കെ കഴിഞ്ഞ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ തീരുമാനമായി. രാത്രിയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരന്‍, വി.ഡി.സതീശന്‍ എന്നിവര്‍ ദില്ലിയില്‍ അറിയിച്ചു. ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കേരളത്തിന്റെ പട്ടിക സംബന്ധിച്ച് ഏതാണ്ട് ധാരണയായിരുന്നു. പദ്മജയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തിൽ വടകരയിലെ സിറ്റിംഗ് എം.പിയായ കെ.മുരളീധരനെ തൃശൂരിലേക്ക് മാറ്റാന്‍ ധാരണയായിരുന്നു. തൃശൂരില്‍ മത്സരിക്കാന്‍ താല്പര്യമില്ല എന്നായിരുന്നു മുരളീധരന്റെ നിലപാട്. പിന്നീട് മണിക്കൂറുകള്‍ നീണ്ട സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ മുരളീധരന്റെ പേരിന് അന്തിമ രൂപം നല്‍കി. ഷാഫി പറമ്പിലിനെയാണ് പകരം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഷാഫിക്കും അതില്‍ അതൃപ്തിയുണ്ടായിരുന്നു.

മുരളിയും ഷാഫിയും ഒരുപോലെ അതൃപ്തിയുമായി രംഗത്തുവന്നതോടെ ദില്ലിയില്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി. ദില്ലിയില്‍ രാവിലെ പത്തരമണിയോടെ രമേശ് ചെന്നിത്തലയും വി.ഡി.സതീശനും കെ.സി.വേണുഗോപാലിന്റെ വീട്ടിലേക്ക് എത്തി. അവിടെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച. ആ ചര്‍ച്ചയില്‍ കെ.സുധാകരന്‍ പങ്കെടുത്തില്ല. സുധാകരന്റെ പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.മുരളീധരനുമായും ഷാഫി പറമ്പിലുമായും ഇതിനിടയില്‍ പലതവണ നേതാക്കള്‍ സംസാരിച്ചു. അതിന് ശേഷം തെരഞ്ഞെടുപ്പ് സമിതിയിലെ‍ ഉണ്ടായ ധാരണകള്‍ അതുപോലെ അംഗീകരിക്കാന്‍ തീരുമാനമായി. ഉച്ചക്ക് ഒന്നര മണിവരെ വേണുഗോപാലിന്റെ വസതിയിലെ ചര്‍ച്ച നീണ്ടു. പിന്നീട് രണ്ടുമണിയോടെ എ.ഐ.സി.സി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയുടെ വീട്ടിലേക്ക് നേതാക്കള്‍ എത്തി. ആ ചര്‍ച്ചയില്‍ കെ.സുധാകരനും വന്നു. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഒരു ആശയകുഴപ്പവും ഇല്ലെന്നായിരുന്നു ഖര്‍ഗെയുമായുള്ള ചര്‍ച്ചക്ക് ശേഷം നേതാക്കള്‍ പ്രതികരിച്ചത്.

നിലവിലെ സൂചന അനുസരിച്ച് കേരളത്തിലെ കേരളത്തിലെ കോണ്‍ഗ്രസ് പട്ടിക ഇപ്രകാരമാണ്.

തിരുവനന്തപുരം ശശി തരൂര്‍,
ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്,
മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്,
ആലപ്പുഴ – കെ. സി.വേണുഗോപാല്‍,
പത്തനംതിട്ട – ആന്റോ ആന്റണി,
ഇടുക്കി – ഡീന്‍ കുര്യക്കോസ്,
എറണാകുളം – ഹൈബി ഈഡന്‍,
തൃശൂര്‍- കെ. മുരളീധരന്‍,
ചാലക്കുടി – ബെന്നി ബഹനാന്‍,
പാലക്കാട്- വികെ ശ്രീകണ്ഠന്‍,
ആലത്തൂര്‍ – രമ്യ ഹരിദാസ്,
കോഴിക്കോട് – എം.കെ.രാഘവന്‍,
വയനാട് – രാഹുല്‍ ഗാന്ധി,
വടകര – ഷാഫി പറമ്പില്‍
കണ്ണൂര്‍ – കെ.സുധാകരന്‍,
കാസര്‍ക്കോ‍ട് – രാജ് മോഹന്‍ ഉണ്ണിത്താന്‍

AICC Decision soon Congress candidate list to be released today

More Stories from this section

family-dental
witywide