ന്യൂഡല്‍ഹി: ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസിന് നേരേ ആക്രമണം. ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലില്‍വെച്ചാണ് എയര്‍ഹോസ്റ്റസിന് നേരേ ആക്രമണമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. എയര്‍ഇന്ത്യയുടെ വിവിധ വിമാനങ്ങളിലെ കാബിന്‍ ക്രൂ അംഗങ്ങളെല്ലാം ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലിലാണ് താമസം.
എയർഹോസ്റ്റസ് താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചുകയറിയ അക്രമി ഇവരെ വലിച്ചിഴക്കുകയും മുറിയിലുണ്ടായിരുന്ന ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതിയുടെ സഹപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.
വ്യാഴാഴ്ച അര്‍ധരാത്രി ഒന്നരയോടെയാണ് ഒരാള്‍ എയര്‍ഹോസ്റ്റസിന്റെ മുറിയില്‍ അതിക്രമിച്ചുകയറിയത്. തുടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ഇയാള്‍ ആക്രമിച്ചു. എയര്‍ഹോസ്റ്റസ് ബഹളംവെച്ചതോടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഓടിയെത്തി. തുടര്‍ന്ന് അക്രമി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
അക്രമി തറയിലിട്ട് വലിച്ചിഴച്ചതിനാലും വസ്ത്രം തൂക്കിയിടുന്ന ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിച്ചതിലും എയര്‍ഹോസ്റ്റസിന് മുറിവേറ്റതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സതേടിയ യുവതി ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാതെ ലണ്ടനില്‍തന്നെ തുടര്‍ന്നു. യുവതിക്ക് സഹായത്തിനായി ഒരു സഹപ്രവര്‍ത്തകയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് അതിക്രമത്തിനിരയായ എയര്‍ഹോസ്റ്റസ് ഇന്ത്യയില്‍ തിരിച്ചെത്തിയെന്നും നിലവില്‍ കൗണ്‍സിലിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ലണ്ടനില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അക്രമി തെരുവില്‍ അലഞ്ഞുതിരിയുന്ന ആളാണെന്നാണ് വിവരം. ഹോട്ടലില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ മുറിക്കുള്ളില്‍ വരെ പ്രവേശിച്ചത് ഹോട്ടലിന്റെ സുരക്ഷാവീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.