ദില്ലി: രണ്ടര മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ വലിയ ആശ്വാസ വാർത്ത. ആകാശത്ത് വച്ച് സാങ്കേതിക തകരാർ അനുഭവപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. 141 യാത്രക്കാരുമായി പറന്നുയർന്ന വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ വലിയ ആശ്വാസത്തിലാണ് രാജ്യം.
ട്രിച്ചിയിൽ നിന്ന് ഷാര്‍ജയിലേക്ക് പറന്ന വിമാനത്തിനാണ് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. ഏറെനേരം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ധനം തീർക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. രണ്ടര മണിക്കൂറോളം ഇത്തരത്തിൽ വട്ടമിട്ട് പറത്തി ഇന്ധനം തീർത്ത ശേഷമാണ് സുരക്ഷിതമായ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്താവളത്തിൽ ആംബുലൻസുകൾ അടക്കം എത്തിച്ച് യാത്രക്കാരെയെല്ലാം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.