തിരുവനന്തപുരം: ഒമാനിൽ മരിച്ച നമ്പി രാജേഷിന്‍റെ കുടുംബത്തിന്‍റെ പരാതി പരിഗണനയിലാണെന്ന് പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. പരാതി പരിശോധിക്കുകയാണെന്നും നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാവകാശം അനുവദിക്കണമെന്നും വിമാന കമ്പനി രാജേഷിന്‍റെ കുടുംബത്തെ അറിയിച്ചു. നമ്പി രാജേഷ് മരിച്ച് രണ്ടാഴ്ചയോളം ആകുമ്പോൾ ആണ് എയർ ഇന്ത്യ എക്സ്പ്രസ് കുടുംബത്തിന്‍റെ പരാതിയോട് പ്രതികരിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം മസ്കറ്റിൽ ഗുരുതരാവസ്ഥയിലായിരുന്ന ഭർത്താവിന് അരികിലേക്കുള്ള യാത്ര മുടങ്ങിയതും ഭർത്താവിനെ അവസാനമായി കാണാനാകാതെ പോയതും ചൂണ്ടിക്കാട്ടി അമൃത എയർ ഇന്ത്യക്ക് പരാതി നൽകിയിരുന്നു. ഇ മെയിൽ വഴി അയച്ച പരാതിക്കാണ് എയർ ഇന്ത്യ ഇപ്പോൾ മറുപടി നൽകിയത്. അമൃത അറിയിച്ച കാര്യങ്ങൾ പരിശോധിക്കുകയാണന്നും പരാതിയോട് പ്രതികരിക്കാൻ സമയം അനുവദിക്കണമെന്നുമാണ് ഇ മെയിൽ വഴിയുള്ള മറുപടിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞത്.
നമ്പി രാജേഷിന്റെ സംസ്കാരത്തിന് ശേഷം ചർച്ച നടത്താമെന്നായിരുന്നു ആദ്യ ഉറപ്പ്. പിന്നീട് ചർച്ച നടത്തുന്നതിന് പകരം മെയിൽ വഴി പരാതി അയക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് നിർദ്ദേശിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അമൃതയും കുട്ടികളും പരാതി നൽകിയിരുന്നു. അടുത്ത ദിവസം പ്രതിപക്ഷ നേതാവിനും ഗവർണർക്കും പരാതി നൽകാനും അമൃത തീരുമാനിച്ചിട്ടുണ്ട്. അതിനിടയിലാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മറുപടി എത്തിയത്.