ന്യൂഡൽഹി: സർവ്വീസുകൾക്കിടയിലെ ഗുരുതരമായ സുരക്ഷാ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി എയർ ഇന്ത്യയ്ക്കെതിരെ നടപടിയുമായി ഏവിയേഷൻ അധികാരികളായ ഡിജിസിഎ. സുരക്ഷാ ലംഘനങ്ങൾ നടത്തിയതിന് 1.10 കോടി രൂപ പിഴയടയ്ക്കാനാണ് എയർ ഇന്ത്യയോട് റെഗുലേറ്ററി ബോർഡിന്റെ നിർദ്ദേശം. ചില ദീർഘദൂര പ്രദേശങ്ങളിലേക്കുള്ള നിർണായക റൂട്ടുകളിൽ എയർ ഇന്ത്യ നടത്തുന്ന വിമാനങ്ങളുടെ സുരക്ഷാ ലംഘനങ്ങൾ ആരോപിച്ചാണ് നടപടി.
“വാടകയ്‌ക്കെടുത്ത വിമാനത്തിന്റെ പ്രസ്‌തുത പ്രവർത്തനങ്ങൾ നിയന്ത്രണ/ഒഇഎം പ്രകടന പരിധികൾക്ക് അനുസൃതമല്ലാത്തതിനാൽ, ഡിജിസിഎ എൻഫോഴ്‌സ്‌മെന്റ് നടപടികൾ ആരംഭിക്കുകയും എയർ ഇന്ത്യയ്‌ക്ക് 1.10 കോടി രൂപ പിഴ ചുമത്തുകയും ചെയ്‌തു,” ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.
ഒരു എയർലൈൻ ജീവനക്കാരനിൽ നിന്ന് സ്വമേധയാ ലഭിച്ച സുരക്ഷാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെഗുലേറ്റർ വിശദമായ അന്വേഷണം നടത്തിയതെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ എയർ ഇന്ത്യ ഏവിയേഷൻ സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാൽ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഡിജിസിഎ അറിയിച്ചു. എയർ ഇന്ത്യ വാടകയ്‌ക്കെടുത്ത വിമാനങ്ങളുടെ സുരക്ഷാ റിപ്പോർട്ട് ഡിജിസിഎ പരിശോധിച്ചിരുന്നു.