‘കസവുടുത്ത എയര്‍ ഇന്ത്യക്ക്’ കസവുടുത്ത ജീവനക്കാരുടെ സ്വീകരണം

കൊച്ചി: കേരളത്തനിമയുടെ കസവു ഭംഗി ചേര്‍ത്ത് ഓണാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് എയര്‍ ഇന്ത്യയും. കേരളത്തിന്റെ പരമ്പരാഗത ‘കസവു’ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുത്തന്‍ ബോയിംഗ് 737-8 വിമാനത്തില്‍ കസവു ‘ടെയില്‍ ആര്‍ട്ടു’ ചെയ്താണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയത്.

കസവിനെ നെഞ്ചോടുചേര്‍ത്ത എയര്‍ ഇന്ത്യക്ക് കൊച്ചി വിമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂ ഒഴികെയുള്ള എല്ലാ എയര്‍ ഇന്ത്യ ജീവനക്കാരും കസവുവേഷത്തിലെത്തിയാണ് സ്വീകരണം ഒരുക്കിയത്.

മാത്രമല്ല, വിമാനത്തിന്റെ ചിറകുകള്‍ക്കടിയിലും ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. ഈ വിമാനത്തിലെ ഓരോ യാത്രക്കാരെയും കസവു ഷാള്‍ നല്‍കിയാണ് സ്വാഗതം ചെയ്തത്. യാത്രക്കാരിലും ഇത് പ്രത്യേക അനുഭവമാണ് സമ്മാനിച്ചത്. കൊച്ചി-ബെംഗളൂരു റൂട്ടിലാണ് വിമാനം സര്‍വീസ് നടത്തിയത്. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്രാന്‍ഡ് റീ-ലോഞ്ച് വേളയില്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെയില്‍ ആര്‍ട്ടിന് ‘ പാറ്റേണ്‍സ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ പുത്തന്‍ തീമുകള്‍ അവതരിപ്പിച്ചിരുന്നു. ഓരോ പുതിയ വിമാനത്തിലും അതുല്യമായ ടെയില്‍ ഡിസൈനുകളാണ് നല്‍കുന്നത്. ബ്രാന്‍ഡ് നവീകരണത്തിന് ശേഷം, എയര്‍ലൈന്‍ 34 പുതിയ വിമാനങ്ങള്‍ അതിന്റെ ഫ്‌ളീറ്റിലേക്ക് ചേര്‍ത്തു. ഓരോന്നും രാജ്യത്തുടനീളമുള്ള സമ്പന്നമായ വസ്ത്ര പാറ്റേണുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ നാല് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും അബുദാബി, ബഹ്റൈന്‍, ദമ്മാം, ദോഹ, ദുബായ്, കുവൈറ്റ്, മസ്‌കറ്റ്, റിയാദ്, സലാല, ഷാര്‍ജ എന്നിവയുള്‍പ്പെടെ 10 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊച്ചിയെ നേരിട്ട് ബന്ധിപ്പിക്കുന്ന 102 പ്രതിവാര ഫ്‌ലൈറ്റുകള്‍ എയര്‍ ഇന്ത്യക്കുണ്ട്.

More Stories from this section

family-dental
witywide