ന്യൂഡല്‍ഹി: വീണ്ടും റെക്കോര്‍ഡ് വിമാന ഓര്‍ഡറുകള്‍ നല്‍കി ഞെട്ടിച്ച് എയര്‍ ഇന്ത്യ. പുതിയ 100 എയര്‍ബസുകള്‍ക്കാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം 470 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന് പുറമേയാണിത്. ഇക്കാര്യം എയര്‍ ഇന്ത്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. 10 വൈഡ്ബോഡി എ350കളും 90 എ321നിയോ വിമാനങ്ങള്‍ ഉള്‍പ്പെടെ നാരോബോഡി എ 320 ഫാമിലി എയര്‍ക്രാഫ്റ്റുകള്‍ക്കുമാണ് ഓര്‍ഡര്‍ നല്‍കിയത്.
രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണവും വളര്‍ച്ചയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെ മറികടക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയനീക്കം. മാത്രമല്ല, ആഗോളതലത്തില്‍ സഞ്ചരിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തത് എയര്‍ഇന്ത്യയുടെ നീക്കത്തിന് കരുത്തേകുന്നുണ്ട്.
എയര്‍ ഇന്ത്യയുടെ ഭാവി വിപുലീകരിക്കാനുള്ള വ്യക്തമായ സാഹചര്യം തങ്ങള്‍ കാണുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ 470 വിമാനങ്ങളുടെ ഓര്‍ഡറുകള്‍ക്കപ്പുറമുള്ള സൗകര്യങ്ങള്‍ വേണമെന്നും ടാറ്റ സണ്‍സ് ആന്റ് എയര്‍ ഇന്ത്യ ചെയര്‍മാനായ എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ ഇന്ത്യയെ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ബന്ധിപ്പിക്കുന്ന ലോകോത്തര വിമാനക്കമ്പനിയായി എയര്‍ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.