മുംബൈ: എയര്‍ ഇന്ത്യ വനിതാ പൈലറ്റിനെ ഡേറ്റാ കേബിളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന് പിടിയില്‍. സൃഷ്ടി തുലി എന്ന 25കാരിയെയാണ് മുംബൈയിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് കാമുകന് ആദിത്യ പണ്ഡിറ്റിനെ (27) കസ്റ്റഡിയിലെടുത്തത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവന് പരാതിയില്‍ പറഞ്ഞിരുന്നു. ഭക്ഷണശീലം മാറ്റാനും നോണ്‍വെജ് ഭക്ഷണം കഴിക്കുന്നത് നിര്‍ത്താനും ആദിത്യ സമ്മര്‍ദം ചെലുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൃഷ്ടിയുടെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ചാണ് ആദിത്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ധേരിയിലെ മാറോള്‍ ഏരിയയിലെ കനകിയ റെയിന്‍ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ളാറ്റില്‍ നിന്നാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ ആദിത്യയെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്ളാറ്റിന്റെ വാതില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്നു പുറത്തുനിന്നൊരാളെ വിളിച്ച് ആദിത്യ വാതില്‍ തുറന്നു. അപ്പോഴാണു കാമുകിയെ ഡേറ്റാ കേബിളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ധേരിയിലെ സെവന്‍ഹില്‍സ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സൃഷ്ടിയുടെ ആത്മഹത്യകുറിപ്പ് കണ്ടെടുക്കാന്‍ സാധിച്ചില്ലെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ആദിത്യയെ നവംബര്‍ 29 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.