ദില്ലി: ഇന്നലെ പുറപ്പെടേണ്ട വിമാനം 24 മണിക്കൂർ നേരം കഴിഞ്ഞിട്ടും പുറപ്പെടാത്തതിൽ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡി ജി സി എ. ദില്ലിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് ഇന്നലെ പോകേണ്ട വിമാന സർവീസാണ് ഇന്ന് ഇതുവരെയായിട്ടും പുറപ്പെടാത്തത്. ഇന്നലെ 8 മണിക്കൂറോളം വൈകിയ ശേഷം വിമാനത്തിനുള്ളിൽ യാത്രക്കാരെ കയറ്റിയെങ്കിലും എ സി പ്രവർത്തിക്കാത്തതിനാൽ തിരിച്ചിറക്കിയിരുന്നു. ഇതിനിടെ പല യാത്രക്കാരും തളർന്ന് വീണിരുന്നു.
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്‌ണ തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് എ സി പോലുമില്ലാതെ യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ഇരിക്കേണ്ടി വന്നത്. തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധിപേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ചത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു ആദ്യം വിമാനം വൈകിയത്. എന്നാൽ, വിമാനം വൈകിയതിന് പിന്നാലെ യാത്രക്കാർക്ക് വേണ്ട താമസ സൗകര്യവും റീഫണ്ട് അടക്കമുള്ള കാര്യങ്ങളും ചെയ്‌തുവെന്നാണ് എയർ ഇന്ത്യ അധികൃതർ ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. വിമാനത്തിന്റെ ക്യാബിനുള്ളിൽ യാത്രക്കാർ തലകറങ്ങി വീണതിന് ശേഷമാണ് അവരോട് പുറത്തിറങ്ങാൻ നിർദേശം നൽകിയതെന്നും പരാതി ഉയരുന്നുണ്ട്.
മനുഷ്യത്വരഹിതമായ നടപടിയാണ് വിമാന കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യാത്രക്കാർ പറഞ്ഞു. താമസ സൗകര്യം പോയിട്ട് ഭക്ഷണം പോലും നൽകാൻ എയർ ഇന്ത്യ തയ്യാറായില്ലെന്നാണ് യാത്രക്കാരിൽ ഏറിയ പങ്കും ആരോപിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോകൾ വൈറലായതിന് പിന്നാലെ ക്ഷമാപണവുമായി എയർ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഒടുവിൽ ഇന്ന് വൈകീട്ട് 3 മണിക്ക് വിമാനം പുറപ്പെടുമെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്.
Air India’s Delhi-San Francisco Flight Delayed By 24 Hours, Several People Fainted Without AC