പാലാ നഗരസഭയിലെ വിവാദ എയർപോഡ്: ആപ്പിൾ കമ്പനിയുടെ സഹായം പൊലീസ് തേടും

പാലാ: പൊലീസിന് കഴിഞ്ഞദിവസം ലഭിച്ച എയർപോഡ്, മാസങ്ങൾക്കുമുമ്പ് പാലാ നഗരസഭ കൗൺസിൽ ഹാളിൽനിന്ന് കാണാതായത് തന്നെയാണോയെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിൽ പൊലീസ്. ആപ്പിൾ കമ്പനിയുടെ എയർ പോഡാണ് കാണാതായത്. ഉടമയെ സംബന്ധിച്ച് സ്ഥീരികരണം ഉറപ്പുവരുത്താൻ ആപ്പിൾ കമ്പനിക്ക് കത്തുനൽകും.

കഴിഞ്ഞ ദിവസം, എയർപോഡ് ഒരു സ്ത്രീ പാലാ പൊലീസിന് കൈമാറിയിരുന്നു. ഇവർ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജോലിചെയ്യുന്നയാളാണ്.

കാണാതായതിന്റെ തൊട്ടടുത്ത ദിവസംമുതൽ എയർപോഡിൽനിന്നുള്ള സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ഉടമ ജോസ് ചീരാംകുഴി വിവരം നൽകിയിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം മൂന്നാർ, ചിന്നക്കനാൽ എന്നിവിടങ്ങളിൽ എയർപോഡ് കൊണ്ടുപോയിരുന്നതായി സന്ദേശങ്ങളിൽനിന്ന് മനസ്സിലാക്കിയതായും പിന്നീട് മാഞ്ചസ്റ്ററിലാണ് ലൊക്കേഷൻ കാണിച്ചിരുന്നതെന്നും ജോസ് ചീരാംകുഴി പറഞ്ഞിരുന്നു.

മൂന്നാറിലും പാലായിലും എയർപോഡിലെ സന്ദേശങ്ങൾ ലഭിച്ചിരുന്ന അതേ പ്രദേശത്ത് പാലായിലെ ഒരു പൊതുപ്രവർത്തകന്റെ ഫോണും ഉണ്ടായിരുന്നതായി ജോസ് ചീരാംകുഴി പോലീസിന് തെളിവുകൾ നൽകിയിരുന്നു.

ഇപ്പോൾ ലഭിച്ച എയർപോഡ് പാലാ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിക്കു പൊലീസ് കൈമാറിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കോടതിയിൽ അപേക്ഷനൽകി എയർപോഡ് തിരികെവാങ്ങി ശാസ്ത്രീയ പരിശോധന നടത്തുമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം നഗരസഭ ഓഫിസിൽനിന്ന് പോലീസ് തെളിവ്‌ ശേഖരിച്ചിരുന്നു.

More Stories from this section

family-dental
witywide