ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണ തോത് കണക്കിലെടുത്ത് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ നിര്‍ദേശം. 10, 12 ക്ലാസുകള്‍ ഒഴികെ മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും.
വായു മലിനീകരണ തോത് വഷളായതിനെത്തുടര്‍ന്ന് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്) നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികള്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അതിഷി അറിയിച്ചു. ഗ്രാപ്4 അനുസരിച്ച് തിങ്കളാഴ്ചയോടെ ട്രക്കുകളുടെ പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കുകയും എല്ലാ പൊതു പദ്ധതികളിലും നിര്‍മ്മാണം നിര്‍ത്തുകയും ചെയ്യും. അവശ്യസാധനങ്ങള്‍ എത്തിക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാകും ഡല്‍ഹിയിലേക്ക് പ്രവേശനം അനുവദിക്കുക.
ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ഗുരുതര നിലയായ 457 ല്‍ എത്തിയിരുന്നു. ഇതോടെയാണ് ഗ്രാപ്4 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
കൂടാതെ, ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈപ്പ് ലൈനുകള്‍ തുടങ്ങിയ പൊതു അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.