മയാമിയിലേയ്ക്കുള്ള സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. പരിഭ്രാന്തരായ യാത്രക്കാർ നിലവിളിക്കുകയും ശക്തമായ കുലുക്കത്തില്‍ സീറ്റില്‍ നിന്നു തെറിച്ചു വീഴുകയും ചെയ്തു. ഒരു യുവതിയുടെ കാല്‍ സീലിങ്ങില്‍ മുട്ടി. യാത്ര പൂര്‍ത്തിയാക്കാതെ വിമാനം യൂറോപ്പിലേയ്ക്ക് മടങ്ങി. വിമാനം കുലുങ്ങുന്നതിന്റൈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിമാനം കുലുങ്ങുമ്പോൾ ആളുകള്‍ ഭയപ്പെടുന്നതും നിലവിളിക്കുന്നതും ഭക്ഷണസാധനങ്ങള്‍ ചിതറിത്തെറിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. എന്നാല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:55 ഓടെ സ്റ്റോക്ക്‌ഹോമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വൈകുന്നേരം 5:45 ന് മയാമിയില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. വിമാനം കോപ്പന്‍ ഹേഗനിലേക്കാണ് തിരിച്ചുവിട്ടത്. ഗ്രീന്‍ലന്റിനെ മുകളിലൂടെ പറക്കുന്നതിനിടയിലാണ് ഈ അപകടം നടക്കുന്നത്.
Air turbulence caused emergency landing of Scandinavian flight