
ലിലോങ്‌വെ: മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. തിങ്കളാഴ്ച രാവിലെ ലാൻഡിംഗ് നടത്തേണ്ടിയിരുന്ന വിമാനമാണ് കാണാതായതെന്ന് സർക്കാർ അറിയിച്ചു.
വിമാനം റഡാറിൽ നിന്ന് പോയതുമുതൽ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക സമയം (0700 GMT) രാവിലെ 9:00 ന് ശേഷം പറന്നുയർന്ന വിമാനത്തിൽ 51 വയസ്സുകാരൻ ചിലിമയും മറ്റ് ഒമ്പതുപേരും ഉണ്ടായിരുന്നു. വിമാനം എവിടെയാണെന്ന് കണ്ടെത്താൻ പ്രാദേശിക, ദേശീയ സേനകൾക്ക് അടിയന്തര തിരച്ചിലും രക്ഷാപ്രവർത്തനവും നടത്താൻ പ്രസിഡൻ്റ് ലസാറസ് ചക്വേര ഉത്തരവിട്ടതായി പ്രസ്താവനയിൽ പറയുന്നു.