മോദിയുടെ റഷ്യൻ സന്ദർശനത്തിലെ അമേരിക്കൻ അതൃപ്തി പരിഹരിക്കാൻ ഇന്ത്യ, സള്ളിവനുമായി ചർച്ച നടത്തി അജിത് ഡോവൽ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിലെ അമേരിക്കയുടെ അതൃപ്തി പരിഹരിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വെള്ളിയാഴ്ച യു എസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സള്ളിവനുമായി ആശയ വിനിമയം നടത്തി. ടെലിഫോണിലൂടെയുള്ള ആശയ വിനിമയത്തിൽ പ്രധാനമായും ക്വാഡ് ചട്ടക്കൂടിന് കീഴിൽ വരാനിരിക്കുന്ന ഉന്നതതല ഇടപെടലുകളെ കുറിച്ചാണ് ചർച്ച നടത്തിയതെന്നാണ് വിശദീകരണമെങ്കിലും, മോദിയുടെ റഷ്യൻ സന്ദർശനത്തിന് ശേഷമുള്ള സാഹചര്യവും വിലയിരുത്തി എന്നാണ് വിവരം. ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം മികച്ച നിലയിൽ തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്ന് സള്ളിവന് ഡോവൽ ഉറപ്പ് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യ – അമേരിക്ക സുരക്ഷാ ഉപദേഷ്ടാവുകൾ തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രാദേശിക, അന്തർദേശീയ തലത്തിലുള്ള നിരവധി വിഷയങ്ങൾ ചർച്ചയായി. ക്വാഡ് ചട്ടക്കൂടിന് കീഴിലുള്ള വരാനിരിക്കുന്ന ഉന്നതതല ഇടപെടലുകളടക്കം ചർച്ച ചെയ്തതായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.