മുംബൈ: അജിത് പവാര്‍ പക്ഷ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ പക്ഷം സമര്‍പ്പിച്ച അപേക്ഷ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ തള്ളി. അജിത് പവാറിന്റേതാണ് യഥാര്‍ഥ പാര്‍ട്ടിയെന്നും 41 എംഎല്‍എമാരുടെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ടെന്നും പറഞ്ഞ സ്പീക്കർ അയോഗ്യത ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ അപേക്ഷകളും തള്ളുന്നുവെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലാണ് എന്‍സിപി പിളരുകയും 41 എംഎല്‍എമാര്‍ ശരദ് പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത് പവാറിനൊപ്പം ചേരുകയും ചെയ്തത്. പിളര്‍പ്പിനു മുന്‍പ് 53 എംഎല്‍എമാരായിരുന്നു എന്‍സിപിയ്ക്കുണ്ടായിരുന്നത്. 41 പേരും അജിത്തിനൊപ്പം ചേര്‍ന്നതോടെ ശരദ് പവാറിനൊപ്പമുള്ളത് വെറും 12 പേര്‍ മാത്രമാണ്.
41 എംഎല്‍എമാരെ അയോഗ്യരാക്കാനാകില്ലെന്നും അവരാണ് യഥാര്‍ഥ എന്‍സിപി എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു. ശിവസേനയില്‍നിന്ന് പിളര്‍ന്നെത്തിയ എക്‌നാഥ് ഷിന്ദേ പക്ഷവും ബിജെപിയും ചേര്‍ന്ന് രൂപവത്കരിച്ച സര്‍ക്കാരിന്റെ ഭാഗമാണ് അജിത് പവാറിന്റെ എന്‍സിപി.
അജിത് പവാർ നേതൃത്വം നല്‍കുന്നതാണ് യഥാര്‍ഥ എന്‍സിപിയെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. കൂടാത, പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് പക്ഷത്തിന് അനുവദിച്ചു. തുടര്‍ന്ന് ശരദ് പവാര്‍ പക്ഷത്തിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് ചന്ദ്ര പവാര്‍ എന്ന പേര് അനുവദിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരേ ശരദ് പവാറും സംഘവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.