ബിജെപിയെ പുറത്താക്കൂ,​ രാജ്യത്തെ സംരക്ഷിക്കൂ, രാഹുലിനൊപ്പം ന്യായ് യാത്രയിൽ പങ്കുചേർന്ന് അഖിലേഷും

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് ന്യായ് യാത്രയിൽ പങ്കെടുത്തത്. ന്യായ് യാത്ര ആ​ഗ്രയിലെത്തിയപ്പോഴാണ് അഖിലേഷ് പങ്കെടുത്തത്. പ്രിയങ്കാ ​ഗാന്ധിയാണ് അഖിലേഷിനെ ന്യായ് യാത്രയിലേക്ക് സ്വാ​ഗതം ചെയ്തത്. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഒരുമിച്ച് പോരാടുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക എന്നതാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയെ പുറത്താക്കൂ,​ രാജ്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവും അഖിലേഷ് ന്യായ് യാത്രയിൽ മുന്നോട്ടുവച്ചു. അഖിലേഷും പ്രിയങ്കയും തമ്മിൽ നടന്ന ചർച്ചയിലാണ് ഉത്തർപ്രദേശിലെ സീറ്റ് ധാരണയിൽ തീരുമാനമായത്. 17 സീറ്റാണ് എസ്.പി വാഗ്ദാനം ചെയ്‌തത്. മധ്യപ്രദേശിൽ ഒരു സീറ്റ് കൂടി കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്ക് നൽകും.

Akhilesh yadav joins Nyay Yatra with Rahul gandhi