മലയാളത്തിന്‍റെ യുവനടൻ പൃഥിരാജ് സുകുമാരനെ വാഴ്ത്തി ബോളിവുഡ് സൂപ്പർ നായകൻ അക്ഷയ് കുമാർ രംഗത്ത്. ഒരു സിനിമക്ക് വേണ്ടി 16 വർഷം പ്രയത്നിക്കുകയെന്നത് അവിശ്വസനീയമായ കാര്യമാണെന്നാണ് അക്ഷയ് കുമാർ അഭിപ്രായപ്പെട്ടത്. ആടുജീവിതത്തിനായി പൃഥി ഇത്രയും കാലം ത്യാഗം സഹിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അതിന്‍റെ എല്ലാ ഫലവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പൃഥിരാജും ഒന്നിച്ചഭിനയിക്കുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിന്‍റെ മുംബൈയിലെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് പൃഥിയെ അഭിനന്ദിച്ച് അക്ഷയ് കുമാർ രംഗത്തെത്തിയത്. ചിത്രത്തിലെ പ്രതിനായകനായ പ്രളയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് വലിയ പ്രചോദനമാണ് തനിക്ക് സമ്മാനിക്കുന്നതെന്നും ട്രെയിലർ ലോഞ്ചിനിടെ അക്ഷയ് കുമാർ പറഞ്ഞു. റിലീസ് ചെയ്യാനിരിക്കുന്ന ആട് ജീവിതത്തിൽ പൃഥ്വിരാജിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആടുജീവിതത്തിന്‍റെ ട്രെയിലർ കണ്ടെന്നും അത്ഭുതപ്പെട്ടുപോയെന്നും അക്ഷയ് കുമാർ വിവരിച്ചു. അതിശയിപ്പിക്കുന്ന പെർഫോമൻസാണ് പൃഥിയുടേത്. എവിടെയായിരുന്നാലും ചിത്രം റിലാസാകുന്ന ദിവസം തന്നെ ആടുജീവിതം കാണുമെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. 16 വർഷം ഒരു സിനിമക്ക് വേണ്ടി പ്രവർത്തിച്ചുവെന്നത് തനിക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് പറഞ്ഞ അക്ഷയ്, താനൊക്കെ 16 മാസം പോലും ഒരു ചിത്രത്തിനായി പ്രവർത്തിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഒപ്പം പൃഥിക്ക് ഹാറ്റ്സ് ഓഫും പറഞ്ഞാണ് അക്ഷയ് അവസാനിപ്പിച്ചത്.
akshy kumar praises prithviraj sukumaran aadujeevitham perfomence