ന്യൂഡല്‍ഹി: ആറുമാസങ്ങള്‍ക്കു മുമ്പ് 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത്. 1400 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ബന്ധികളാകുകയും ചെയ്ത അപ്രതീക്ഷിതമായ ആ ആക്രമണത്തിന് മറുപടി പറയാനിറങ്ങിയ ഇസ്രയേലാകട്ടെ 30000 ല്‍ അധികം ആളുകളെ കൊന്നൊടുക്കി ഗാസയെ പൂര്‍ണമായും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. യുദ്ധത്തിനൊപ്പം ഉപരോധം കൂടി ഏര്‍പ്പെടുത്തിയതോടെ ലഭ്യമാകേണ്ട മാനുഷിക സഹായം പോലും കൃത്യമായി ലഭ്യമാകാത്ത സ്ഥിതിയിലാണ് ഗാസ.
യുദ്ധത്തിന്റെ പല ഘട്ടങ്ങളിലും മാരകമായി മുറിവേറ്റ പലരും ജീവിതത്തിലേക്ക് മടങ്ങാന്‍ കാരണാമായ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ഇന്ന് ജീവിച്ച് കൊതിതീരാതെ മരണത്തിലേക്ക് മടങ്ങേണ്ടി വന്നവരുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രി, നിരവധി മൃതദേഹങ്ങളുമായി വെറുമൊരു പുറംതോടായി മാറിയെന്ന് ലോകാരോഗ്യ സംഘടന ശനിയാഴ്ച പറഞ്ഞു. അതേസമയം, രണ്ടാഴ്ചത്തെ സൈനിക ഓപ്പറേഷനുശേഷം തിങ്കളാഴ്ച ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി. മാര്‍ച്ച് 25 മുതല്‍ പലതവണ പരാജയപ്പെട്ട ശ്രമങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു ദൗത്യം ആശുപത്രിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ആശുപത്രിയുടെ നിലവിലെസ്ഥിതി യുഎന്‍ ആരോഗ്യ ഏജന്‍സി പുറം ലോകത്തെ അറിയിച്ചു.
‘ലോകാരോഗ്യ സംഘടനയ്ക്കും പങ്കാളികള്‍ക്കും അല്‍-ഷിഫയില്‍ എത്താന്‍ കഴിഞ്ഞു. ഒരിക്കല്‍ ഗാസയിലെ ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലായിരുന്നു, അത് ഇപ്പോള്‍ ഏറ്റവും പുതിയ ഉപരോധത്തിന് ശേഷം മനുഷ്യ കുഴിമാടങ്ങളുള്ള ശൂന്യമായ ഷെല്ലാണ്’- ഏജന്‍സി മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എസ്‌കില്‍ എഴുതിയത് ഇങ്ങനെ.
ദൗത്യത്തിനിടെ കുറഞ്ഞത് അഞ്ച് മൃതദേഹങ്ങളെങ്കിലും സംഘം കണ്ടിട്ടുണ്ടെന്നും ആശുപത്രി സമുച്ചയത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നുവെന്നും ഭൂരിഭാഗം ഉപകരണങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചിലതൊക്കെ കത്തിച്ചാരമായെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. കുറച്ചുകാലത്തേക്ക് ചെറിയ രീതിയില്‍പ്പോലും പ്രവര്‍ത്തിക്കാനാവാത്ത വിധം യുദ്ധത്തില്‍ ആശുപത്രി തകര്‍ന്നുപോയെന്നും സംഘം വ്യക്തമാക്കി.