
ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂളിലെ അധ്യാപകർക്കെതിരെ നടപടി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്ന 3 അധ്യാപകർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
അതേസമയം 13 കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കുകയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി). ഇന്ന് സ്കൂളിലെത്തി അധ്യാപകരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് സിഡബ്ല്യുസി. പൊലീസ് നേരത്തെ 13 വയസുകാരന്‍റെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു.
ആലപ്പുഴവിയെ കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജീവനൊടുക്കിയ എ എം പ്രജിത്ത്. മനോജ് – മീര ദമ്പതികളുടെ മകനായ പ്രജിത്തിനെ കഴിഞ്ഞ 15 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നത്. പിടി അധ്യാപകനായ ക്രിസ്തു ദാസ്, അധ്യാപികമാരായ രേഷ്മ, ഡോളി എന്നിവർക്കെതിരായാണ് ആരോപണം. എന്നാല്‍ സ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റര്‍ സോഫിയ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Alappuzha 13 year old student committed suicide case 3 teachers suspended