ആലപ്പുഴ: കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് ആലപ്പുഴയിലെ അതിദാരുണ അപകടത്തിന് കാരണമെന്ന് നിഗമനം. ഇന്നലെ രാത്രിയോടെ കളര്‍കോടാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിക്കുകയും ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.
കാറില്‍ ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ വന്ന് ഇടിക്കുകയായിരുന്നു.കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട്‌പേരുടെ നില ഗുരുതരമാണ്. ബസിലെ രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു. വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു സംഘം യാത്ര ചെയ്തത്.
അതേസമയം, മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.