ആലപ്പുഴയിൽ ‘നാളെ അവധിയില്ല ഗയ്സ്’ എന്ന് കളക്ടർ; ‘മൊടയാണോ ബ്രോ’ എന്ന് വിദ്യാർത്ഥികൾ; ഈ ജില്ലകളിലും നാളെ അവധിയില്ല

ആലപ്പുഴ: കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. വയനാട് ജില്ലയിൽ ഇതോടകം അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ആലപ്പുഴ കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കുട്ടികളെയാകെ നിരാശരാക്കിയിരിക്കുകയാണ്.

“പ്രിയപ്പെട്ട കുട്ടികളെ, നാളെ അവധിയില്ല കേട്ടോ… എന്ന് വെച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ട. മഴയൊക്കെ മാറി കൂട്ടുകാരെ ഒക്കെ കാണാമല്ലോ.. മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണം..” എന്നാണ് കളക്ടറുടെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

എന്നാൽ രസകരമായ കമന്റുകളാണ് ആലപ്പുഴ കളക്ടർ അലക്സ് വർഗീസിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. “മാറി ചിന്തിക്കാൻ ഇനിയും സമയമുണ്ട് സർ,” എന്നാണ് ഒരു യൂസർ കുറിച്ചത്. “സാർ, പ്ലീസ്, ഒരു ദിവസം കൂടി അവധി കൊടുക്ക് സാറേ.. കനത്ത മഴ ആണ് സാറേ,” മറ്റൊരാൾ കുറിച്ചു. ചിരി നിറയ്ക്കുന്ന കമന്റുകൾക്കിടെ അല്പം ഗൌരവമുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മഴ മാത്രം ആയിരുന്നുവെങ്കിൽ കുട പിടിച്ച് പോകാമായിരുന്നു. മഴ മാറിയാലും ഇവിടെ വഴി മുഴുവൻ വെള്ളമാണ്’ എന്നായിരുന്നു ഒരു വിദ്യാർഥിയുടെ കമന്റ്. ‘കുട്ടനാട്ടിൽ നിറയെ വെള്ളമാണെന്നും കുട്ടനാട് താലൂക്കിലെങ്കിലും അവധി നൽകാമായിരുന്നു’വെന്നും മറ്റൊരാൾ പരിഭവം പറഞ്ഞു. മഴവെള്ളത്തിലൂടെ കുട്ടികളെ സ്കൂളിൽ വിടാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ഒരു രക്ഷിതാവിന്റെ പരാതി. ഇതെല്ലാം കാണുമ്പോൾ കൃഷ്ണ തേജ സാറിനെ ഓർത്തുപോകുകയാണ് എന്നായിരുന്നു ഒരാൾ പറഞ്ഞത്. ആലപ്പുഴ മുൻ കളക്ടർ ആയിരുന്നു അദ്ദേഹം.

തൃശൂർ, കോഴിക്കോട് ജില്ലകളിലും സമാനമായ അറിയിപ്പുകൾ വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നായിരുന്നു ജില്ലാ കളക്ടർമാർ അറിയിച്ചു.

More Stories from this section

family-dental
witywide