പൂച്ചാക്കൽ (ആലപ്പുഴ): തകഴിയിൽ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ ഡോണ, കാമുകൻ തോമസ് ജോസഫ്, അശോക് ജോസഫ് എന്നിവർ അറസ്റ്റിലായിരുന്നു. അമ്മയായ ഡോണ ജോജി (22) നേരത്തേ ഗർഭഛിദ്രം ചെയ്യാൻ ശ്രമം നടത്തിയെന്നും ശ്രമം പരാജയപ്പെട്ടെന്നും പൊലീസ് പറയുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം ഗർഭഛിദ്രത്തിനുള്ള ഗുളികകൾ കഴിച്ചു. ഗർഭം അലസിയെന്ന് കരുതി. എന്നാൽ, പിന്നീടാണ് ഗർഭം അലസിയില്ലെന്ന വിവരം അറിയുന്നത്.
തുടർന്ന് രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് ഇരുവരും തീരുമാനിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇരുവരുടെയും ഫോൺവിളി വിവരങ്ങൾ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കും. ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു കുഞ്ഞിനെ ഡോണ കൊടുത്തുവിട്ടത്.
കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. പോളിത്തീൻ കവറിലാക്കിയാണു കൊടുത്തുവിട്ടതെന്നും പറയുന്നു. കൊടുത്തുവിട്ടപ്പോൾ അപ്പോൾ ജീവനുണ്ടായിരുന്നുവെന്നാണ് ഡോണ പൊലീസിനോട് പറഞ്ഞത്. എന്നാൽ, മൃതദേഹമായിരുന്നെന്ന് തോമസും മൊഴി നൽകി. ജനിച്ചപ്പോൾ കുഞ്ഞ് കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നും ഡോണ പൊലീസിനോട് പറഞ്ഞു.
Alappuzha Infant death case details