ഖേദമല്ല, ഇക്കുറി നിരുപാധികം മാപ്പ് പറഞ്ഞ് എസ്ഐ റെനീഷ്, സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ് ഐ റെനീഷ് ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു. സ്റ്റേഷനിലെ മുൻ എസ് ഐ വി ആർ റിനീഷാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുൻപാകെ നിരുപാധികം മാപ്പപേക്ഷ നൽകിയത്. ഇത് കോടതി അംഗീകരിച്ചു.

നേരത്തെ കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ താൻ കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു റെനീഷ് പറഞ്ഞിരുന്നത്. സംഭവത്തിൽ ഖേദം മാത്രം പ്രകടിപ്പിക്കാമെന്ന് പറഞ്ഞ റിനീഷിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് എസ് ഐ തന്റെ നടപടിയിൽ നിരുപാധികം മാപ്പ് പ്രകടിപ്പിച്ചുകൊണ്ട് പുതിയ സത്യവാംങ്മൂലം ഹൈക്കോടതിയിൽ നൽകിയത്.

അതേസമയം റെനീഷിനെതിരെ എടുത്ത നടപടി സംസ്ഥാന പൊലീസ് മേധാവി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുമ്പോൾ ഡി ജി പിയുടെ വിശദീകരണം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.

വാഹനാപകട കേസുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി ആലത്തൂർ സ്റ്റേഷനിൽ ഹാജരായ അഡ്വ. ആക്വിബ് സുഹൈലിനോടാണ് ആലത്തൂർ എസ്‌ ഐ തട്ടിക്കയറിയത്. എസ് ഐ, അക്വിബ് സുഹൈലിനെ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ. ഇതിനെ തുടർന്ന് എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ പൊതുജനങ്ങളോടുള്ള എടാ പോടാ വിളികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി വീണ്ടും സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Alathur police SI has apologized to the high court for misbehaving to lawyer

More Stories from this section

family-dental
witywide