വാഷിംഗ്ടണ്‍: അമേരിക്കയില്‍ കപ്പലില്‍ നിന്നും കാസര്‍കോട് സ്വദേശിയായ ജീവനക്കാരന്‍ ആല്‍ബര്‍ട്ട് ആന്റണിയെ കാണാതായിട്ട് ഇന്നേക്ക് നാല് ദിവസം കഴിഞ്ഞു. ചൈനയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന സിനര്‍ജി മാരിടൈം കമ്പനിയുടെ എം.വി.ട്രൂ കോണ്‍റാഡ് എന്ന ചരക്കുകപ്പലിലെ ഡെക്ക് ട്രെയ്നി കേഡറായിരുന്ന ആല്‍ബര്‍ട്ടിനെ വെള്ളിയാഴ്ചയാണ് കൊളംമ്പോ തുറമുഖത്തുനിന്ന് 300 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് കപ്പലില്‍നിന്ന് കാണാതായത്.
ആല്‍ബര്‍ട്ടിനെ കണ്ടെത്താന്‍ കഴിഞ്ഞ രണ്ടുദിവസമായി മൂന്ന് കപ്പലുകള്‍ ആഴക്കടലില്‍ നടത്തിയ തിരച്ചിലും ഫലം കണ്ടില്ല. ഞായറാഴ്ച്ച ഉച്ചയോടെ കപ്പലുകള്‍ നടത്തിവന്ന തിരച്ചില്‍ നിര്‍ത്തിയതായുള്ള വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്.
വിവരമറിഞ്ഞ് എം.എല്‍.എ.മാരായ ഇ.ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍ എന്നിവര്‍ കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് ഇരുവരും കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, എം.പി.മാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോസ് കെ.മാണി എന്നിവരുടെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ തലത്തിലും ഇടപെടല്‍ ശക്തമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആല്‍ബര്‍ട്ടിനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.