അലക്‌സി നവല്‍നിയുടെ മരണം : റഷ്യന്‍ ജയില്‍ മേധാവികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു.കെ

റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്റെ വിമര്‍ശകനുമായിരുന്ന അലക്സി നവാല്‍നിയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ പ്രസിഡന്റ് പുടിന്‍ ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ നിര്‍ണ്ണായക നിലപാടുമായി യു.കെ. നവാല്‍നിയുടെ മരണം സംഭവിച്ച ആര്‍ട്ടിക് പീനല്‍ കോളനി ജയിലിന്റെ ചുമതലയുള്ള ആറ് റഷ്യന്‍ ജയില്‍ മേധാവികളുടെ സ്വത്തുക്കള്‍ യുകെ മരവിപ്പിച്ചു. മാത്രമല്ല, ഈ വ്യക്തികള്‍ക്ക് യുകെയിലേക്കുള്ള യാത്രയും വിലക്കിയിട്ടുണ്ട്.

നവാല്‍നിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റ് പുടിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ അധികാരികള്‍ക്കാണെന്ന് പാശ്ചാത്യ നേതാക്കള്‍പോലും പറയുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നവാല്‍നിയുടെ മരണത്തിന് മറുപടിയായി ഉപരോധം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ രാജ്യമാണ് യുകെ.

നവല്‍നിയുടെ മരണത്തിലും ഉക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലും റഷ്യയ്ക്കെതിരെ ഉപരോധത്തിന്റെ സ്വന്തം പാക്കേജ് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. നവല്‍നിയുടെ മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കണമെന്നും സമഗ്രവും സുതാര്യവുമായ അന്വേഷണം നടക്കണമെന്നും ബ്രിട്ടീഷ് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.