ദില്ലി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളി ജീവനക്കാരടക്കം എല്ലാവരും സുരക്ഷിതര്‍. കപ്പലലിൽ അകപ്പെട്ട വയനാട് സ്വദേശിയായ പി വി ധനേഷാണ് വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം പറഞ്ഞത്. അമ്മയുടെ ഫോണിലേക്കാണ് ധനേഷ് വിളിച്ചത്. കപ്പലിലെ എല്ലാവരും സേഫാണ് എന്ന് മാത്രമാണ് ധനേഷ് പറഞ്ഞതെന്നും അതിന് ശേഷം ഫോണ്‍ കട്ടായെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
ഇറാൻ പിടികൂടി കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. ഇതിൽ നാല് മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇവരടക്കം എല്ലാവരും സുരക്ഷിതരാണെന്നാണ് കപ്പൽ കമ്പനിയും നൽകുന്ന വിവരം. ചരക്ക് കപ്പലായതിനാല്‍ തന്നെ ജീവനക്കാരോട് ഇറാന്‍ ശത്രുത കാട്ടില്ലെന്നാണ് പ്രതീക്ഷ.
ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട എം എസ് സി ഏരീസ് കണ്ടെയ്നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് സോഡിയാക് മാരിടൈം. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ. പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റി. കമാൻഡോകൾ ഹെലികോപ്ടറിലെത്തി കപ്പലിലെ ഡെക്കിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി പുറത്തുവിട്ടിരുന്നു.