ന്യൂഡല്‍ഹി/മോസ്‌കോ: ഇന്ത്യയില്‍ നിന്നും തൊഴില്‍ തട്ടിപ്പിനിരയായും അല്ലാതെയും റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്തെത്തിയ നിരവധി ഇന്ത്യക്കാരുടെ സങ്കടങ്ങള്‍ക്ക് അറുതിയാകുന്നു. റഷ്യന്‍ സൈന്യത്തിലുള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചയയ്ക്കാന്‍ റഷ്യ തീരുമാനിച്ചു. റഷ്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആവശ്യം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് അംഗീകരിച്ചതോടെയാണ് ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്ക് വഴി തെളിഞ്ഞത്.
യുക്രെയിനിനെതിരായ റഷ്യയുടെ യുദ്ധത്തില്‍ സൈന്യത്തിന്റെ ഭാഗമായ രണ്ട് ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി ഇന്നലെ വൈകിട്ട് പുടിന്‍ നടത്തിയ സ്വകാര്യ അത്താഴവിരുന്നില്‍ ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച ആവശ്യം ഉന്നയിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മടക്കി അയയ്ക്കാനും അവരുടെ യാത്ര സുഗമമാക്കാനും റഷ്യ സമ്മതിച്ചതായും വൃത്തങ്ങള്‍ വ്യക്തമാക്കി.
അത്താഴവിരുന്നിടെ, മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി മോദിയെ പുടിന്‍ അഭിനന്ദിക്കുകയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മിക്കവരേയും ഏജന്റുമാര്‍ റഷ്യയിലേക്കും തുടര്‍ന്ന് നിര്‍ബന്ധിത സൈനിക സേവനത്തിലേക്കും എത്തിച്ചത്. ഇത്തരത്തില്‍ 24 ഓളം പേരാണ് സൈനിക സേവനത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷമാദ്യം റഷ്യയില്‍ നിന്നും പുറത്തുവന്ന ഒരു വൈറല്‍ വീഡിയോയില്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍ തങ്ങളുടെ ദുരിതം പങ്കുവെച്ചിരുന്നു. തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും സഹായിക്കണമെന്നും കുടുംബത്തിന് അയച്ച വീഡിയോയില്‍ പറഞ്ഞു. സൈനിക യൂണിഫോം ധരിച്ച യുവാക്കളുടെ വീഡിയോ വൈറലാകുകയും വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.
പ്രശ്‌നം ഗൗരവമായി എടുക്കുകയും വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെയും ഏജന്റുമാര്‍ക്കെതിരെയും കേന്ദ്രം നടപടിയെടുക്കുകയും ചെയ്തിരുന്നു.