ന്യൂഡല്‍ഹി: സിറിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെയാണ് സിറിയയില്‍ ഒഴിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു.
ഇതുവരെ ഒഴിപ്പിച്ച 77 പൗരന്മാരില്‍ 44 പേര്‍ ജമ്മു & കശ്മീരില്‍ നിന്നുള്ള തീര്‍ഥാടകരായിരുന്നു. സൈദ സൈനബ് നഗരത്തില്‍ ഇവര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എല്ലാ ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതമായി ലെബനനിലേക്ക് കടന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ വിമാനങ്ങളില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തങ്ങളെ അതിര്‍ത്തിയില്‍ അനുഗമിച്ചതായും, തുടര്‍ന്ന് ലെബനനിലെ ഇന്ത്യന്‍ എംബസി അവരെ സ്വീകരിക്കുകയും യാത്ര സുഗമമാക്കുകയും ചെയ്തുവെന്ന് ജയ്സ്വാള്‍ പറഞ്ഞു. പ്രതിവാര മാധ്യമ സമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിറിയയില്‍ പ്രസിഡന്റ് ബഷര്‍ അസദിന്റെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ വിമത സേന അട്ടിമറിച്ചിരുന്നു.
നിരവധി പ്രമുഖ നഗരങ്ങളും പട്ടണങ്ങളും പിടിച്ചടക്കിയ ശേഷം തലസ്ഥാനമായ ഡമാസ്‌കസിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതോടെ പ്രസിഡന്റ് അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച തകര്‍ന്നു. അസദ് രാജ്യം വിട്ട് റഷ്യയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.