
ന്യൂഡല്‍ഹി: തന്റെ ഭാര്യ റിനികി ഭുയാന്‍ ശര്‍മ്മയുടേതായ സ്വത്തുക്കളെല്ലാം വില്‍പ്പത്രം വഴി ആസാമിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചു. 2021ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ ഭാര്യക്ക് 14 കോടിയിലധികം വിലമതിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഉണ്ട്. ഇതെല്ലാം ആസാമിലെ ജനങ്ങള്‍ക്കാണെന്നും തന്റെ മക്കള്‍ക്കായി ഇതൊന്നും കരുതിവെക്കില്ലെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഒരാള്‍ ജീവിച്ചിരിക്കുമ്പോഴാണ് മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് വാര്‍ത്താ ചാനലുകളും മൂന്ന് വിനോദ ചാനലുകളും ഒരു അസമീസ് വാര്‍ത്താ ദിനപത്രവും നടത്തുന്ന മാതൃ കമ്പനിയായ പ്രൈഡ് ഈസ്റ്റ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് റിനികി ഭുയാന്‍ ശര്‍മ്മ.
കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്പത്ത് പദ്ധതി പ്രകാരം റിനികി ഭൂയാന്‍ ശര്‍മയുടെ കമ്പനിക്ക് 10 കോടി രൂപ അനുവദിച്ചതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രതിപക്ഷ കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണം നിഷേധിച്ച ശര്‍മ്മ തനിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ രാഷ്ട്രീയം വിടുമെന്നും തിരിച്ചടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കെതിരെ റിനികി 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.