ന്യൂഡല്‍ഹി: ഒരു മുറിയുടെയോ വീടിന്റെയോ ചുമരുകള്‍ക്കുള്ളില്‍ നടന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ ഇരയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കുമ്പോള്‍ സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് സുപ്രീം കോടതി.പോക്‌സോ കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
പതിമൂന്നുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന കേസില്‍ ആരോപണവിധേയനായ അധ്യാപകനെ സുപ്രീം കോടതി വെറുതെവിട്ടു. കേസില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും കണ്ടെത്തലുകള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി.
“ഒരു മുറിയുടെയോ വീടിന്റെയോ പരിധിക്കുള്ളില്‍ അല്ലെങ്കില്‍ പൊതുജനങ്ങളുടെ ശ്രദ്ധ പതിയാത്ത ഒരു പൊതുസ്ഥലത്ത് നടന്നുവെന്ന് പറയുന്ന ലൈംഗികാതിക്രമ കേസുകളില്‍, ഇരയുടെ മൊഴിയുടെ ആധികാരികത സംബന്ധിച്ച് കോടതിക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍, കോടതി വിവേചനാധികാരം ഉപയോഗിച്ച് സംഭവം നേരിട്ട് കണ്ട മറ്റ് സാക്ഷികളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സാഹചര്യങ്ങളില്‍ നിന്നോ സത്യം കണ്ടെത്തുന്നതിന് സ്ഥിരീകരണം തേടാം,” ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ.വി. വിശ്വനാഥന്‍, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് പറഞ്ഞു.