കോട്ടയം: പൊലീസ് സേനയിലെ അച്ചടക്കമില്ലാത്ത പ്രവൃത്തികൾ ഒരുവിധത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കും. ഏറ്റവും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പി.വി. അൻവർ എം.എൽ.എ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. എം.ആർ. അജിത് കുമാർ വേദിയിലിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
“കഴിഞ്ഞ കാലങ്ങളിലായി പൊലീസിൽ വളരെയേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, പൊലീസിൽ മാറ്റങ്ങൾക്ക് നേരെ മുഖംതിരിഞ്ഞു നിൽക്കുന്ന ചെറിയ ഒരുവിഭാഗം ഉണ്ടെന്നത് ഗൗരവമായി കാണുന്നു. പൊലീസ് സേനയിലുള്ളവർ അച്ചടക്കത്തിന്‍റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കരുത്. കേരള പൊലീസിൽ കഴിഞ്ഞ കാലത്ത് വലിയ മാറ്റങ്ങൾ വരുത്താനായി. നല്ല രീതിയിലുള്ള ജനകീയ സേനയായി പൊലീസ് മാറി. ക്രമസമാധാന പ്രശ്നം ഒരാൾക്കും ഉന്നയിക്കാനാവാത്ത വിധമുള്ള സാമൂഹിക ജീവിതം നമുക്ക് ഉറപ്പുവരുത്താൻ പൊലീസിനായി. ശാസ്ത്രീയ കുറ്റാന്വേഷണ രീതികളിലൂടെ കുറ്റകൃത്യങ്ങൾ തെളിയിക്കാനും പൊലീസിനായി,” മുഖ്യമന്ത്രി പറഞ്ഞു.