ഹൈദരാബാദ്: പുഷ്പ 2 പ്രദര്‍ശനത്തില്‍ തിരക്കില്‍പ്പെട്ട് യുവതി മരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടിയുമായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍. സംഭവത്തിന്റെ പേരില്‍ ധാരാളം തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ആരെയും ഏതെങ്കിലും വകുപ്പിനെയോ രാഷ്ട്രീയ നേതാവിനെയോ കുറ്റപ്പെടുത്താന്‍ താന്‍ ശ്രമിക്കുന്നില്ലെന്നും അല്ലു പ്രതികരിച്ചു.
പൊലീസ് അനുമതി നിഷേധിച്ചിട്ടും ഡിസംബര്‍ നാലിന് സന്ധ്യ തിയറ്ററില്‍ നടന്ന തന്റെ ‘പുഷ്പ 2’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ സൂപ്പര്‍താരം പങ്കെടുത്തുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് നടന്റെ അഭിപ്രായമെത്തിയത്. മാത്രമല്ല, അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയും രംഗത്തെത്തിയിരുന്നു. അല്ലു അര്‍ജുന്റെ വിവേചനരഹിതമായ പെരുമാറ്റത്തിനും ഉത്തരവാദിത്വമില്ലായ്മയ്ക്കും എതിരെ ആഞ്ഞടിച്ച അദ്ദേഹം തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിട്ടും അല്ലു അര്‍ജുന്‍ സിനിമ കണ്ടെന്നും പോകുമ്പോള്‍ ആരാധകര്‍ക്ക് നേരെ കൈവീശി കാണിക്കുക പോലും ചെയ്‌തെന്നും തെലങ്കാന നിയമസഭയില്‍ ആരോപിച്ചു.
തനിക്കെതിരായി പ്രചരിക്കുന്ന കാര്യങ്ങള്‍ അപമാനകരമാണെന്നും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും പറഞ്ഞ താരം ഇക്കാര്യങ്ങള്‍വെച്ച് തന്നെ വിലയിരുത്തരുതെന്നും പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച താരം സംഭവിച്ച കാര്യങ്ങളില്‍ തനിക്ക് വിഷമമുണ്ടെന്നും ക്ഷമാപണം നടത്തുന്നതായി ആവര്‍ത്തിക്കുകയും ചെയ്തു.