ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോ ദുരന്തവുമായി ബന്ധപ്പെട്ട് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ ‘പുഷ്പ 2’ സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഇന്ന് രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈദരാബാദ് പൊലീസ് നോട്ടീസ് നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് അല്ലു അര്‍ജുന് നോട്ടീസ് കൈമാറിയത്.
ദുരന്തത്തെതുടര്‍ന്ന് തിയേറ്റര്‍ മാനേജ്മെന്റിനും അല്ലു അര്‍ജുനും സംഘത്തിനുമെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഡിസംബര്‍ 13 ന് താരം അറസ്റ്റിലാകുകയും കോടതി 14 ദിവസം റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അതേ ദിവസം തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു രാത്രിയിലെ ജയില്‍വാസത്തിനു പിന്നാലെ അല്ലു മോചിതനായിരുന്നു.
അതേസമയം, അല്ലു അര്‍ജുന്റെ ഇടക്കാല ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അല്ലു അര്‍ജുനെതിരെ ഇന്ന് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം അല്ലു അര്‍ജുന്റെ വീട് ആക്രമിച്ച കേസില്‍ 6 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. പ്രതികള്‍ക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.