വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ഭാര്യയും മുൻ പ്രഥമ വനിതയുമായ മെലാനിയ ട്രംപിന്റെ മാതാവ് അമാലിജ അന്തരിച്ചു. 78 വയസായിരുന്നു. മാതാവിന്റെ മരണം മെലാനിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
“എന്റെ പ്രിയപ്പെട്ട അമ്മ അമാലിജയുടെ വേർപാട് വളരെ ദുഃഖത്തോടെയാണ് ഞാൻ അറിയിക്കുന്നത്. കൃപയോടെയും ഊഷ്മളതയോടെയും അന്തസ്സോടെയും ജീവിച്ചിരുന്ന ശക്തയായ സ്ത്രീയായിരുന്നു അമാലിജ ക്നാവ്സ്,” മെലാനിയ ട്രംപ് തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. അമാലിജയുടെ മരണം തങ്ങളുടെ ജീവിതത്തിൽ വലിയ വിടവ് സൃഷ്ടിച്ചുവെന്നും മെലാനിയ പോസ്റ്റിൽ പറഞ്ഞു.
ഏറെ നാളായി വാർധക്യ സഹജമായ രോഗങ്ങളുടെ പിടിയിലായിരുന്നു അമാലിജ. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
1945-ൽ സ്ലോവേനിയയിലാണ് അമാലിജ ക്നാവ്സ് ജനിച്ചത്. 1970-ൽ അമാലിജിയയ്ക്കും ഭർത്താവ് വിക്ടറിനും മകളായി മെലാനിയ ക്നാവ്സ് ജനിച്ചു. അപ്പോഴും സ്ലോവേനിയ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു.
അവരുടെ മരുമകൻ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ, 2018-ൽ അമാലിജ ക്നാവ്സും വിക്ടറും യുഎസ് പൗരത്വം സ്വീകരിച്ചു.