എലോണ്‍ മസ്‌കല്ല, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ ഏറ്റവും ധനികന്‍

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ എന്ന പദവി സ്വന്തമാക്കി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. എലോണ്‍ മസ്‌കില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വീണ്ടും സമ്പന്നതയുടെ പടവുകള്‍ കയറിയ ജെഫ് ബെസോസിന്റെ നിലവിലെ ആസ്തി 200 ബില്യണ്‍ യുഎസ് ഡോളറാണ്, അതേസമയം മസ്‌കിന്റെ മൂല്യം 198 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്‍പ്രകാരം, കഴിഞ്ഞ വര്‍ഷം ടെസ്ല സിഇഒയ്ക്ക് ഏകദേശം 31 ബില്യണ്‍ ഡോളര്‍ നഷ്ടമായപ്പോള്‍ ആമസോണ്‍ സ്ഥാപകന്‍ 23 ബില്യണ്‍ ഡോളറാണ് നേടിയതെന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സൂചിക വെളിപ്പെടുത്തുന്നു.

2021 ജനുവരിയില്‍, മസ്‌ക് 195 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുമായി ബെസോസിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരുന്നു. പിന്നീട് കളികള്‍ മാറി മറിയുകയും ലോകത്തിലെ ഏറ്റവും ധനികന്‍ എന്ന പദവി ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ മാതൃ കമ്പനിയായ എല്‍വിഎംഎച്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവായ വ്യവസായിയായ ബെര്‍ണാഡ് അര്‍നോള്‍ട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം 2023 മെയ് മാസത്തില്‍ മസ്‌കി വീണ്ടും ഒന്നാമനായി.

ഇപ്പോഴിതാ ഏറ്റവും പുതിയ ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചിക അനുസരിച്ച്, 197 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അര്‍നോള്‍ട്ട് ഇപ്പോള്‍ മൂന്നാമത്തെ സമ്പന്നനാണ്, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (179 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് (150 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവരാണ് തൊട്ടുപിന്നില്‍.

അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും 11ാം സ്ഥാനത്തും, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 12ാം സ്ഥാനത്തുമാണ് ഉള്ളത്.

More Stories from this section

family-dental
witywide