ആമസോണിൽ ഇനിയത് നടക്കില്ല! ജീവനക്കാർക്ക് സിഇഒയുടെ അറിയിപ്പ്, ‘പണിയെല്ലാം ഇനി പഴയത് പോലെ’

ആമസോൺ ജീവനക്കാർ അടുത്ത വർഷം മുതൽ ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിൽ എത്തി ജോലി ചെയ്യണമെന്ന് സി ആൻഡി ജാസി അറിയിച്ചു. കഴിഞ്ഞദിവസം ജീവനക്കാർക്ക് അയച്ച ഒരു മെമ്മോയിലാണ് സിഇഒ ഇക്കാര്യം അറിയിച്ചത്. കോവിഡ് ആരംഭിക്കുന്നതിനു മുൻപുള്ള അതേ സ്ഥിതിയാണ് ഓഫീസിനി വേണ്ടതെന്നും, ഒരുമിച്ചിരിക്കുമ്പോഴാണ് കമ്പനിക്ക് വേണ്ടി കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള മറ്റ് പല കമ്പനികളെയും പോലെ ആമസോണും നാലുവർഷം മുമ്പ് കോവിഡ് സമയത്ത് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. പിന്നീട് ഈ നയം മാറ്റി ഒരു ഹൈബ്രിഡ് നയം കൊണ്ടുവരികയായിരുന്നു. മൂന്ന് ദിവസം ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യണമെന്നും ബാക്കിയുള്ള രണ്ട് ദിവസം വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്നും ആയിരുന്നു ഇതുവരെ നിലനിന്ന നയം. ഇക്കാര്യത്തിലെ മാറ്റങ്ങളാണ് പ്രധാനമായും amazon സിഇഒയുടെ കത്തിൽ വിശദീകരിക്കുന്നത്. 2025 ജനുവരി 2 മുതലാണ് മുഴുവൻ ജീവനക്കാരും അഞ്ച് ദിവസവും ഓഫീസിലെത്തി ജോലി ചെയ്യേണ്ടത്.

എന്നാൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉള്ള ആൾ ആണെങ്കിൽ വര്‍ക്ക്ഫ്രം ഹോം അനുവദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം എന്നും സിഇഒ കത്തിൽ പറയുന്നുണ്ട്.