ന്യൂഡല്‍ഹി: ലോകത്ത് ആകെയുള്ള ആണവായുധങ്ങളില്‍ 90 ശതമാനവും അമേരിക്കയിലും റഷ്യയിലുമാണെന്ന് റിപ്പോര്‍ട്ട്. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) റിപ്പോര്‍ട്ട് ഇന്ത്യയും ആണവ ശേഷി വര്‍ദ്ധിപ്പിച്ചുവെന്നും പാകിസ്ഥാന്റെ പക്കലുള്ളതിനേക്കാള്‍ ആണവായുധ ശേഖരം ഇന്ത്യക്കുണ്ടെന്നും വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയുടെ കൈവശം 172 ആണവായുധങ്ങളുള്ളപ്പോള്‍ പാകിസ്താന്റെ കൈവശം 170 ആണവായുധങ്ങളാണുള്ളത്.
മാത്രമല്ല, ചൈനയുടെ പക്കലുള്ള ആണവായുധശേഖരം റഷ്യയുടേയോ യു.എസ്സിന്റേയോ കൈവശമുള്ളതിനെ അപേക്ഷിച്ച് വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും ചൈന ആണവ ശേഖരം വര്‍ദ്ധിപ്പിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ ഒമ്പത് ആണവായുധ രാജ്യങ്ങള്‍ തങ്ങളുടെ ആണവായുധങ്ങള്‍ നവീകരിക്കുന്നത് തുടരുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ ആണവായുധ ശേഖരം 2023 ജനുവരിയില്‍ 410 ആണവായുധങ്ങളില്‍ നിന്ന് 2024 ജനുവരിയില്‍ 500 ആയി വര്‍ദ്ധിച്ചു.
ഇന്ത്യയുടെ ആണവായുധ ശേഖരം പ്രധാനമായി പാകിസ്താനെ ലക്ഷ്യംവെച്ചുള്ളതാണെങ്കിലും ചൈനയെയും ലക്ഷ്യമിടാന്‍ ശേഷിയുള്ള ദീര്‍ഘദൂര ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.