വംശനാശ ഭീഷണിയുടെ വക്കിൽ ഹണിക്രീപ്പർ പക്ഷികൾ, സംരക്ഷിക്കാൻ കൊതുകുകളെ വർഷിച്ച് അമേരിക്ക

വംശനാശ ഭീഷണി നേരിടുന്ന ഹണിക്രീപ്പർ ഇനത്തിലെ പക്ഷികളെ സംരക്ഷിക്കാൻ രം​ഗത്തിറങ്ങി അമേരിക്ക. 33 വിഭാഗം പക്ഷികൾ ആണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയിൽ 17എണ്ണമാണ് നിലവിൽ വംശനാശത്തിന്റെ വക്കിലുള്ളത്. ഒരു വർഷത്തിനുള്ളിൽ ഇവയിൽ ചിലതിന് വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പുണ്ടായതോടെയാണ് ഹവായിൽ അമേരിക്ക രം​ഗത്തെത്തിയത്. ഓരോ ആഴ്ചയിലും 250000 ആൺ കൊതുകുകളെയാണ് ദ്വീപിലേക്ക് പറത്തി വിടുന്നത്. ഗർഭനിരോധന സ്വഭാവം പുലർത്തുന്ന ബാക്ടീരിയകളോട് കൂടിയ കൊതുകുകളെയാണ് ഇത്തരത്തിൽ വർഷിക്കുന്നത്. ഇത്തരത്തിൽ ഒരു കോടിയോളം കൊതുകുകളെയാണ് നിലവിൽ ഹവായിയിൽ വർഷിച്ചിട്ടുള്ളത്.

ഹണി ക്രീപ്പർ പക്ഷികളിലൊന്നായ അകികികിയുടെ എണ്ണം 2018ൽ 450ഉണ്ടായിരുന്നതിൽ നിന്ന് 2023ൽ വെറും അഞ്ചിലേക്ക് എത്തിയിട്ടുണ്ട്. കൊതുകുകളാണ് ഇവയുടെ നാശത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ പ്രജനനം ഇല്ലാത്ത കൊതുകുകളെ ഉപയോ​ഗിച്ച് മലേറിയ പരത്തുന്ന കൊതുകുകളെ ഇല്ലാതാക്കാമെന്നാണ് കണ്ടെത്തൽ.

ഒച്ചുകൾ, പഴങ്ങൾ, പൂവുകളിലെ തേനുകൾ എന്നിവയാണ് ഈ പക്ഷികളുടെ ആഹാരമാക്കാറുണ്ട്. കൊതുകുകൾ സാധാരണ ഗതിയിൽ എത്താത്ത 4000 മുതൽ അടി ഉയരങ്ങളിലാണ് ഇവ താമസമാക്കിയിട്ടുള്ളത്. എന്നാൽ ഉഷ്ണ തരംഗം ശക്തമായതിന് പിന്നാലെ ഈ ഉയരത്തിലും മലേറിയ വാഹികളായ കൊതുകുകൾ എത്തുന്നുണ്ടെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഇതോടെയാണ് വന്ധ്യംകരിച്ച കൊതുകുകളെ ഉപയോഗിച്ചുള്ള ഐഐടി (incompatible insect technique) രീതിയിൽ മലേറിയ വാഹികളായ കൊതുകുകളുടെ പ്രജനനം കുറയ്ക്കാൻ അധികൃതരും പരിസ്ഥിതി പ്രവർത്തകരും ശ്രമിക്കുന്നത്.

സാധാരണ നിലയിൽ ഒരു തവണ മാത്രമാണ് പെൺ കൊതുക് ഇണ ചേരുന്നത്. ഇത്തരത്തിൽ വന്ധ്യംകരിച്ച കൊതുകുകളോട് ഇണ ചേരുന്നതോടെ ഇവ ഇടുന്ന മുട്ടകൾ ഇടുമെങ്കിലും അവ വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാവാതെ വരുന്നു. വോൾബാച്ചിയ എന്ന ബാക്ടീരിയയുടെ സഹായമാണ് ഇതിനായി പരിസ്ഥിതി പ്രവർത്തകർ തേടിയിട്ടുള്ളത്. ഇത്തരം ബാക്ടീരിയ ശരീരത്തിലുള്ള കൊതുകുകൾ ഇതേ ബാക്ടീരിയ ശരീരത്തിലുള്ള ഇണയുമായി ചേർന്നാൽ മാത്രമേ പ്രത്യുൽപാദനം മറ്റ് ജീവികളിൽ അനുവദിക്കൂ. അതിനാൽ ഇത്തരത്തിൽ ബാക്ടീരിയ ഉള്ള ആൺ കൊതുകുകളെയാണ് ദ്വീപിൽ വർഷിക്കുന്നത്. ചൈനയിലും കാലിഫോർണിയയിലും ഫ്ലോറിഡയിലും മെക്സിക്കോയിലും അടക്കം കൊതുക് നിയന്ത്രണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് ഇത്.

America released mosquitos in hawai for escape honeycreeper birds

More Stories from this section

family-dental
witywide