ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിന് ഡമാസ്‌കസ് കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന പ്രതിജ്ഞയെടുത്ത ഇറാന്‍ തിരിച്ചടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലുമായുള്ള പോരാട്ടത്തില്‍ നിന്ന് ‘ഒഴിവാകാന്‍’ അമേരിക്കയ്ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ഇറാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കുമെന്നും ‘അടി കിട്ടേണ്ടെങ്കില്‍’ മാറിനില്‍ക്കാനുമായിരുന്നു മുന്നറിയിപ്പ്.
ഡമാസ്‌കസിലെ ഞങ്ങളുടെ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ഭരണകൂടം നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇറാന്റെ സൈനിക നടപടിയെന്ന് ഇറാന്റെ യുഎന്‍ മിഷന്‍ എക്സില്‍ പറഞ്ഞു. മാത്രമല്ല, ഡമാസ്‌കസ് കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരായ ‘സ്വയം പ്രതിരോധം’ എന്ന നിലയിലാണ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതെന്നും ഇറാന്‍ പറഞ്ഞു.
‘ഇസ്രായേല്‍ ഭരണകൂടം മറ്റൊരു തെറ്റ് ചെയ്താല്‍, ഇറാന്റെ പ്രതികരണം ഗണ്യമായി കൂടുതല്‍ കഠിനമായിരിക്കും, ഇത് ഇറാനും തെമ്മാടി ഇസ്രായേല്‍ ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷമാണ്, അതില്‍ നിന്ന് യു.എസ് വിട്ടുനില്‍ക്കണം’ എന്നാണ് വീണ്ടും ഇറാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് പ്രതിരോധിക്കുമെന്ന ഇറാന്റെ പ്രതീക്ഷകള്‍ പെട്ടെന്ന് തകര്‍ത്തുകൊണ്ട് യുഎസ് സൈന്യം ഇസ്രായേലിലേക്ക് പോകുന്ന ഡ്രോണുകള്‍ വെടിവച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിക്കുകയും ബ്രിട്ടനും അതിന് തയ്യാറാണെന്ന് പറയുകയും ചെയ്തു.
ഏപ്രില്‍ 1ന് ഇസ്രയേല്‍ ഇറാന്‍ എംബസിയുടെ അഞ്ച് നിലകളുള്ള കോണ്‍സുലര്‍ കെട്ടിടം തകര്‍ക്കുകയും ആക്രമണത്തില്‍ രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് റെവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.