വാഷിങ്ടൺ: ഇസ്രായേൽ – ഇറാൻ സംഘർഷ സാധ്യതയുടെ പശ്ചാതലത്തിൽ അമേരിക്കൻ എയർലൈൻസ് പുതിയ തീരുമാനം പ്രഖ്യാപിച്ചു. 2025 ഏപ്രിൽ വരെ ഇസ്രായേലിലേയ്‌ക്കും ഇസ്രായേലിൽ നിന്ന് തിരിച്ചുമുള്ള എല്ലാ ഫ്ലൈറ്റുകളും റദാക്കി. ഇസ്രായേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി (ഐ ബി എ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സമീപകാല ഇസ്രായേൽ സൈനിക നടപടികൾക്ക് മറുപടിയായി ഇറാനിൽ നിന്നും ഹിസ്ബുള്ളയിൽ നിന്നുമുള്ള പ്രതികാര നടപടികളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ തീരുമാനം.
സമാനമായ ഭയം കാരണം വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾ നേരത്തെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിശ്ചിത കാലയളവിലേക്ക് നിർത്തിവച്ചിരുന്നു. ടെഹ്‌റാനിൽ ഹമാസിൻ്റെ തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനും ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ പ്രമുഖ സൈനിക നേതാവ് ഫുആദ് ഷുക്കർ കൊല്ലപ്പെട്ടതിനും ശേഷം സാധ്യമായ പ്രതികാര നടപടികൾക്കായി ടെൽ അവീവ് അതീവ ജാഗ്രതയിലാണ്.
നിലവിൽ ടെൽ അവീവിലേക്കുള്ള ഫ്ലൈറ്റുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് അമേരിക്കൻ എയർലൈൻസിൻ്റെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നില്ല. പ്രത്യേക തീയതിയും നൽകിയിട്ടില്ല.